12:38pm 17 May 2026
NEWS
കന്റോൺമെന്റ് ഹൗസിൽ 'മന്ത്രിസഭാ' മാരത്തൺ; ഘടകകക്ഷികൾ സമ്മർദ്ദത്തിൽ, ചെന്നിത്തല ആഭ്യന്തരത്തിലേക്ക്
17/05/2026  10:05 AM IST
സുരേഷ് വണ്ടന്നൂർ
കന്റോൺമെന്റ് ഹൗസിൽ മന്ത്രിസഭാ മാരത്തൺ; ഘടകകക്ഷികൾ സമ്മർദ്ദത്തിൽ, ചെന്നിത്തല ആഭ്യന്തരത്തിലേക്ക്

​തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ യു.ഡി.എഫ് സർക്കാരിന്റെ മന്ത്രിസഭാരൂപീകരണ ചർച്ചകൾ കന്റോൺമെന്റ് ഹൗസിനെ രാഷ്ട്രീയ കേന്ദ്രബിന്ദുവാക്കി മാറ്റിയിരിക്കുകയാണ്. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഔദ്യോഗിക വസതിയിൽ ഇന്നലെ രാവിലെ മുതൽ അർദ്ധരാത്രി വരെ നീണ്ട മാരത്തൺ ചർച്ചകളാണ് അരങ്ങേറിയത്. മുന്നണി യോഗത്തിന് മുന്നോടിയായി ഘടകകക്ഷികളുമായി വ്യക്തിപരമായ ധാരണയിലെത്താനായിരുന്നു വി.ഡി. സതീശന്റെ നീക്കം.
​കൊച്ചിയിൽ നിന്നും ഇന്നലെ രാവിലെ തലസ്ഥാനത്ത് തിരിച്ചെത്തിയ നിയുക്ത മുഖ്യമന്ത്രിയെ കാണാൻ ഘടകകക്ഷി നേതാക്കളുടെ വൻ നിര തന്നെയെത്തി.
​ഡിമാന്റുകളുമായി ഘടകകക്ഷികൾ; വിട്ടുവീഴ്ചയില്ലാതെ ജോസഫ് ഗ്രൂപ്പ്
​ചർച്ചകൾക്ക് തുടക്കമിട്ട് കേരള കോൺഗ്രസ് (ജേക്കബ്) നേതാവ് അനൂപ് ജേക്കബാണ് ആദ്യം കന്റോൺമെന്റ് ഹൗസിലെത്തിയത്. തൊട്ടുപിന്നാലെയെത്തിയ കേരള കോൺഗ്രസ് നേതാക്കളായ പി.ജെ. ജോസഫും മോൻസ് ജോസഫും തങ്ങൾക്ക് രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന കർശന നിലപാടിൽ ഉറച്ചുനിന്നു. തനിക്ക് മന്ത്രിസ്ഥാനം നേരത്തെ തന്നെ ഉറപ്പുനൽകിയിട്ടുള്ളതാണെന്ന് മാണി സി. കാപ്പനും ചർച്ചയ്ക്ക് ശേഷം വ്യക്തമാക്കി. എന്നാൽ ഘടകകക്ഷികളുമായുള്ള ചർച്ചകൾ ഇനിയും പൂർത്തിയായിട്ടില്ലെന്നാണ് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചത്. ആർ.എസ്.പി നേതാക്കളായ ഷിബു ബേബി ജോൺ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തുവെങ്കിലും മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.
​ചെന്നിത്തല മന്ത്രിസഭയിലേക്ക്; ലീഗ് നേതൃത്വവുമായും ചർച്ച
​കന്റോൺമെന്റ് ഹൗസിലെ ചർച്ചകൾക്ക് ശേഷം വഴുതക്കാട്ടെ രമേശ് ചെന്നിത്തലയുടെ വസതിയിലേക്ക് വി.ഡി. സതീശൻ നേരിട്ടെത്തി. പത്ത് മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയ്ക്കൊടുവിൽ ചെന്നിത്തല മന്ത്രിസഭയുടെ ഭാഗമാകുമെന്ന് ഉറപ്പുനൽകി. ആഭ്യന്തര വകുപ്പ് ഏറ്റെടുക്കാൻ അദ്ദേഹം സന്നദ്ധത അറിയിച്ചതായാണ് സൂചന. തുടർന്ന് നന്ദാവനത്തെ പാണക്കാട് ഹൗസിലെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീർ എന്നിവരുമായും സതീശൻ കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷമാണ് കെ.സി. വേണുഗോപാലിന്റെ വസതിയിലെത്തി 20 മിനിറ്റോളം നിർണായക ചർച്ചകൾ നടത്തിയത്.
​സന്ദർശക പ്രവാഹം; അന്തിമ പട്ടിക ഇന്ന്
​ഇതിനിടെ, സി.പി.എമ്മിനെ വെല്ലുവിളിച്ച് സ്വതന്ത്രരായി മത്സരിച്ച് വിജയിച്ച നിയുക്ത എം.എ.എമാരായ വി. കുഞ്ഞിക്കൃഷ്ണൻ, ടി.കെ. ഗോവിന്ദൻ എന്നിവരും വി.ഡി. സതീശനെ കണ്ട് പിന്തുണ അറിയിച്ചു. കൂടാതെ, പേഴ്സണൽ സ്റ്റാഫ് പദവികൾ ലക്ഷ്യമിട്ടെത്തിയ വലിയൊരു കൂട്ടം ആളുകളും കന്റോൺമെന്റ് ഹൗസിൽ തടിച്ചുകൂടിയിരുന്നു.
​വൈകുന്നേരത്തോടെ കോൺഗ്രസ് മന്ത്രിമാരുടെ അന്തിമ പട്ടിക തയ്യാറാക്കുന്നതിനായി വി.ഡി. സതീശൻ കെ.പി.സി.സി ഓഫീസിലേക്ക് തിരിച്ചു. ഇന്ന് ഉച്ചയോടെ മന്ത്രിമാരുടെ പൂർണ്ണപട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം ഗവർണർക്ക് സമർപ്പിക്കാനാണ് നീക്കം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img